16-June-2023 -
By. news desk
കൊച്ചി: അനിയന്ത്രിത ചെറുമത്സ്യബന്ധനം മൂലം കേരളത്തിന്റെ സമുദ്രമത്സ്യമേഖലയ്ക്ക് കഴിഞ്ഞവര്‍ഷവും നഷ്ടമുണ്ടായെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ).കഴിഞ്ഞവര്‍ഷം കേരളതീരത്ത് നിന്നും പിടിച്ച കിളിമീനുകളില്‍ 31 ശതമാനവും നിയമപരമായി പിടിക്കാവുന്ന വലിപ്പത്തിനേക്കാള്‍ (എം എല്‍ എസ്) ചെറുതായിരുന്നു. ഈ ഗണത്തില്‍ 178 കോടി രൂപയാണ് നഷ്ടം. മത്തിയുടെ കുഞ്ഞുങ്ങളെ പിടിച്ചതിലൂടെയുള്ള നഷ്ടം 137 കോടി രൂപയാണ്.കേരളത്തിലെ മത്സ്യബന്ധനവും സുസ്ഥിരവികസനവും എന്ന വിഷയത്തില്‍ നടന്ന ശില്‍പശാലയിലാണ് സിഎംഎഫ്ആര്‍ഐ ഈ കണക്കുകള്‍ അവതരിപ്പിച്ചത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ട്രോളിംഗ് നിരോധനകാലയളവിലാണ് മത്തിപോലുള്ള മീനുകളുടെ കുഞ്ഞുങ്ങളെ ധാരാളമായി പിടിക്കുന്നതെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ടി എം നജ്മുദീന്‍ പറഞ്ഞു. എന്നാല്‍, എംഎല്‍എസ് നടപ്പിലാക്കാന്‍ തുടങ്ങിയതിന് ശേഷം ചെറുമീന്‍ മത്സ്യബന്ധനത്തില്‍ മുന്‍കാലത്തേക്കാള്‍ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എസ് നിയന്ത്രണം സമുദ്രമത്സ്യമേഖലയിലുണ്ടായ സ്വാധീനം മനസ്സിലാക്കാന്‍ സിഎംഎഫ്ആര്‍ഐ കിളിമീനുകളില്‍ നടത്തിയ പഠനത്തില്‍, അവയുടെ ഉല്‍പാദനത്തിലും മൊത്തലഭ്യതയിലും ഗണ്യമായ വര്‍ധനവുണ്ടായതായി കണ്ടെത്തി. നിരോധനത്തിന് മുമ്പും ശേഷവുമുള്ള കണക്കുകള്‍ വിലയിരുത്തിയപ്പോള്‍ കിളിമീന്‍ ഉല്‍പാദനത്തില്‍ 41 ശതമാനവും മൊത്തലഭ്യതയില്‍ 27 ശതമാനവും വര്‍ധനവുണ്ടായി. ഇവയുടെ അംഗസംഖ്യാവര്‍ധനവ് 64 ശതമാനമാണ്.കൂടുതല്‍ മത്സ്യയിനങ്ങള്‍ എംഎല്‍എസ് നിയന്ത്രണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്നും നിലവിലെ ചില മത്സ്യയിനങ്ങളുടെ എംഎല്‍എസില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പഠനങ്ങളും ചര്‍ച്ചകളും പുരോഗമിച്ചുവരികയാണ് അദ്ദേഹം പറഞ്ഞു.ഒരുടണ്‍ ചെറുമത്തികള്‍ പിടിക്കുമ്പോള്‍ മത്സ്യമേഖലയ്ക്ക് നഷ്ടമാകുന്നത് 4,54000 രൂപയാണ്. ഇവയെ വളരാനനുവദിച്ചാല്‍ മത്സ്യമേഖലയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമാണ് ഗുണമുണ്ടാകുന്നത്. എംഎല്‍എസ് നിയന്ത്രണമില്ലാത്ത സ്രാവിനങ്ങളില്‍ നല്ലൊരു ശതമാനവും അവയുടെ പ്രജനനവലിപ്പത്തില്‍ താഴെയാണെന്നും സിഎംഎഫ്ആര്‍ഐയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സ്വയം നിയന്ത്രണങ്ങളും അനുകൂലമായ കാലാവസ്ഥയുമാണ് കഴിഞ്ഞ വര്‍ഷം മത്തി ഉള്‍പ്പെടെ മത്സ്യോല്‍പാദനം കൂടാനുള്ള കാരണമായി കരുതുന്നുതെന്ന് അദ്ദേഹം പറഞ്ഞു. എംഎല്‍എസ് നിയന്ത്രണവുമായി ബന്ധപ്പെട്ട് എല്ലാ തീരദേശ സംസ്ഥാനങ്ങള്‍ക്കും സിഎംഎഫ്ആര്‍ഐ നിര്‍ദേശം നല്‍കിയിരുന്നു. കേരളവും കര്‍ണാടകയും മാത്രമാണ് നിലവില്‍ നടപ്പിലാക്കിയത്. ആഴക്കടല്‍ കൂന്തല്‍, മധ്യോപരിതല മത്സ്യങ്ങള്‍, തെക്കന്‍ തീരങ്ങളില്‍ കാണപ്പെടുന്ന ചെറിയ ഇനം പാമ്പാട എന്നിവ മികച്ച ഉല്‍പാദനക്ഷമതയുള്ള പാരമ്പര്യേതര മത്സ്യയിനങ്ങളാണെന്ന് സിഎംഎഫ്ആര്‍ഐ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡോ ഗോപാലകൃഷ്ണന്‍ പറഞ്ഞു.മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകള്‍, അനുബന്ധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശില്‍പശാലയില്‍ സംബന്ധിച്ചു. എംഎല്‍എസ് നിയന്ത്രണം ഇന്ത്യയില്‍ എല്ലായിടത്തും നടപ്പാക്കണമെന്ന് മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ചെറുമീന്‍പിടുത്തം നിരോധിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യബന്ധനയാനങ്ങള്‍ കേരളതീരത്തേക്ക് കടന്നുവരുന്നത് തടയിടണം. പുതിയ യാനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.ഡോ പി ലക്ഷ്മിലത, ഡോ സി രാമചന്ദ്രന്‍, ഡോ എന്‍ അശ്വതി, ഡോ എം വി ബൈജു, എന്‍ കെ സന്തോഷ്, സംഗീത എന്‍ ആര്‍, സന്ദീപ് പി, സേതു ജി, മത്സ്യമേഖലയെ പ്രതിനിധീകരിച്ച് ചാള്‍സ് ജോര്‍ജ്ജ്, ജോസഫ് സേവ്യര്‍ കളപ്പുരക്കല്‍, മോഹനന്‍ പിടി, അനന്തന്‍ കെവി, ഉണ്ണികൃഷ്ണന്‍ എഡി, എം മജീദ്, മണി നായരമ്പലം, സക്കറിയ കെ എ, സോമന്‍ സികെ, ടോമി കെസി എന്നിവര്‍ സംസാരിച്ചു.